Saturday, July 16, 2011

എല്ലാം ജയിക്കുന്ന ശക്തി

ഉദിച്ചുയര്‍ന്ന സൂര്യനായ് നമിച്ചിടേണ്ട ശക്തിയായ്
എനിയ്ക്കു മുന്നില്‍ നീ സ്ഥിരം കെടാതെ കത്തി നില്‍ക്കണം

പോയകാലത്തേകിയ സൌഖ്യവും സുചിന്തയും
ഇനിയുമേറെ നല്‍കുവാന്‍ വരം തരൂ കൃപാനിധേ

വാക്കിലുള്ള നന്മയും പ്രവൃത്തിതന്‍ ഗുണങ്ങളും
ഊര്‍ജ്ജദായകങ്ങളായ് നിരന്തരം ഭവിക്കണം

തെളിച്ചമുള്ള ബുദ്ധിയാല്‍ നിനക്കു മുന്നില്‍ നിന്നിടാന്‍
കരുത്തു നീ തരേണമേ വെളിച്ചമേ ദയാനിധേ

സുഗന്ധമാര്‍ന്ന പൂവിലും കേളിമ്പമാം സ്വരത്തിലും
നിറങ്ങളുള്ളതേതിലും നിറഞ്ഞിടും ചൈതന്യമേ

കാണുവാന്‍ കഴിഞ്ഞിടും ചരാചരങ്ങളൊക്കെയും
നിയന്ത്രണവിധേയമാക്കും ശക്തിസ്രോതസ്സാണു നീ..

അഗ്നിപര്‍വ്വതങ്ങളില്‍ ജ്വലിച്ചുനില്‍ക്കും ലാവയായ്
കുതിച്ചുപാഞ്ഞൊഴുകി നീ കരിച്ചിടും ജഗത്തിനേ

നിതാന്തശാന്തസാഗരത്തിനടിയിലൂര്‍ന്ന മര്‍ദ്ദമായ്
ആയിരം തിരത്തള്ളാലീഭൂമിയാകെ മുക്കിടും

ധരയ്ക്കുമേലില്‍ കാണുവാന്‍ കഴിഞ്ഞവസ്തുവൊക്കെയും
തകര്‍ത്തു നീയെറിഞ്ഞിടും ചുഴലിയായ് കറങ്ങവേ.

ഈ പ്രപഞ്ചമൊക്കെയും നിറഞ്ഞു നില്‍ക്കും ശക്തിയായ്
ജീവനുള്ളതൊക്കെയും നിറച്ചിടും തുടച്ചിടും

പുഴയിലും പുഴുവിലും നിറഞ്ഞിടുന്ന ശക്തിയെ
എന്‍‌റെ കുഞ്ഞുബുദ്ധിയാല്‍ നിനയ്ക്കുവാന്‍ കഴിവീല

ചരങ്ങളായ് ജനിച്ചവയ്ക്കു സുഖംതരാനനുദിനം
നമിച്ചിടേണ്ടതേവരും ജയിച്ചശക്തിയൊന്നിനേ.

Sunday, July 10, 2011

പണ്ടാരക്കാലന്‍

പെണ്ണുരണ്ടുള്ളൊരു പണ്ടാരക്കാലനു
പന്ത്രണ്ടുമക്കളെ കിട്ടി ചുളുവില്‍
പന്ത്രണ്ടുമക്കളെ കിട്ടി
പണ്ടത്തെ ബന്ധത്തിലുള്ളതാണെല്ലാരും
പെണ്ണുങ്ങള്‍ രണ്ടുപേര്‍ക്കും
പാദം കടക്കെ മുടിയുള്ളവള്‍, മൂത്ത,
പണ്ടാരക്കാലന്‍റെ പെണ്ണ്
പാതിരാനേരത്ത് പെരുവഴിയിലിട്ടേച്ച്
പെണ്ണിന്‍റെ ചെക്കന്‍ കടന്നു
പത്തുമാസം നിറവായിരുന്നന്നവള്‍ക്ക്
പണ്ടാരക്കാലന്‍ വരുമ്പോള്‍
പേറെടുപ്പും നല്ല പേരുദോഷോം
പിന്നെ പണ്ടാരക്കാലന്‍ ചുമന്നു
പിന്നെത്തെ വമ്പത്തി ആളൊരു രാജാത്തി
പത്തുപേര്‍ക്കൊത്തൊരുത്തി
പത്തലുവച്ചപോല്‍ പെരുത്തിരിക്കുന്നൊരു
പത്തായവയറുകാരി
പകല്പോലെ സത്യമാണപ്പെണ്ണു നമ്മുടെ
പണ്ടാരക്കാലന്‍റെ മുറപ്പെണ്ണു
പ്രായം കഴിഞ്ഞ പരിക്കുമായവളുടെ
പ്രാണനാഥന്‍ ചത്തു പോയി
പിറ്റേന്നു രാവിലെ പരപാരാവെളുപ്പിനു
പണ്ടാരക്കാലന്‍റെ തലയില്‍ തൂങ്ങി
പെണ്ണാളു രണ്ടാളു ചേരില്ല എന്നൊക്കെ
പണ്ടുള്‍ലവര്‍ ചുമ്മാ ചൊല്ലി
പെണ്ണുങ്ങളീവണ്ണമുള്ളതില്‍ നമ്മുടെ
പണ്ടാരക്കാലന്‍ പരമപുണ്യന്‍
പാതിരാനേരത്തു വീട്ടിലു ചെന്നാലും, 
പിന്നെ നല്ല പൂക്കുറ്റി ആയിരുന്നാലും
പ്രേമമോടെ ചെന്നു സേവ ചെയ്തീടുവാന്‍
പെണ്ണുങ്ങല്‍ നല്ല മിടുക്കിമാര്‍
പോരിനായ് നിന്നാലും പക്ഷങ്ങളില്ലതില്‍
പക്ഷേ,പണ്ടാരക്കാലന് പുറത്തും
പന്ത്രണ്ടുമക്കളോ, പെണ്ണുങ്ങളും നല്ല
പത്തരമാറ്റിന്‍റെ ചേലുകാരും
പെണ്ണുരണ്ടുള്ളൊരു പണ്ടാരക്കാലനു
പന്ത്രണ്ടുമക്കളെ കിട്ടി ചുളുവില്‍
പന്ത്രണ്ടുമക്കളെ കിട്ടി