Saturday, January 4, 2014

പൊട്ടക്കുട്ടി



അമ്പേ പരാജയമാണു ഞാൻ ജീവിത-
പ്പാഠം പഠിപ്പിക്കുമീ പാഠശാലയിൽ

പൊട്ടനാം കുട്ടി ഞാൻ ശുദ്ധമണ്ടത്തരത്തിൻ
പര്യായമായ പഠിതാവാണിന്നു ഞാൻ

കൂട്ടുകാരില്ല കളിക്കോപ്പുമില്ലിവിടെ
അധ്യാപകർ ചുറ്റും അധ്യാപകർ മാത്രം

രാവും പകലുമിട്ടങ്ങോട്ടുമിങ്ങോട്ടു-
മാട്ടിയും തല്ലീയും എന്നെപ്പഠിപ്പിച്ചു

എല്ലാരുമിങ്ങനെ ചൊല്ലിപ്പഠിപ്പി-
ച്ചിട്ടിന്നോളമെന്നെ ശരിയാക്കാനായില്ല

പൊട്ടനാം കുട്ടി ഞാൻ ശുദ്ധമണ്ടത്തരത്തിൻ
പര്യായമായ പഠിതാവാണിന്നും ഞാൻ

പാട്ടിന്റെയലയൊലികൾ മാത്രം മുഴങ്ങുന്നു
പാടാനറിയാത്ത പാഴ്മരം കുറ്റി ഞാൻ

പാമരക്കോമരമായൊരു ജന്മം ഞാൻ
പാരിതിൽ ജീവിതസത്യം തിരയുന്നു

പാഠങ്ങളൊന്നും പഠിക്കാതെ പിന്നെയും
കാലപ്പരീക്ഷയ്ക്കിരിക്കാൻ കൊതിക്കുന്നു

പല്ലും നഖങ്ങളും രൂക്ഷവക്ത്രങ്ങളും
കൊണ്ടു പരിക്കെനിക്കേല്പിച്ചു പിന്നവർ

തല്ലിപ്പഠിപ്പിച്ചു പാഠഭാഗങ്ങൾ ഞാനെ-
ന്നെന്നും ഓർമ്മയിൽ തന്നെ സൂക്ഷിക്കുവാൻ

പക്ഷേ ! കഥയെന്തു പിന്നെയും പാമരൻ
വഞ്ചിയിലങ്ങു തിരുനക്കരെത്തന്നെ

പൊട്ടനാം കുട്ടി ഞാൻ  ശുദ്ധമണ്ടത്തരത്തിൻ
പര്യായമായ പഠിതാവാണെന്നും ഞാൻ

തോൽ പോയ ചെണ്ടപോൽ നാദം വമിക്കാത്ത,
വിഡ്ഡിയാം കൂശ്മാണ്ഡം പിന്നേം ധരിക്കുന്നു

ഞാനാണീ ഭൂമിയിലൊന്നാമനെന്നും ഞാൻ
ജീവിതപ്പാഠങ്ങളെല്ലാം പഠിച്ചെന്നും

1 comment:

  1. :)
    ഇതൊന്നും ഇത് വരേം കണ്ടില്ലാർന്ന്.
    ആശംസകൾ .

    ReplyDelete